Diabetes

പ്രമേഹജീവിതം

പ്രമേഹമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മാനസികമായി തകരുന്നവരാണ് അധികവും. എന്നാല്‍ എത്രയോ പ്രമേഹരോഗികള്‍ രോഗത്തെ നിയന്ത്രിച്ചുനിര്‍ത്തിക്കൊണ്ട് ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കുന്നുണ്ടെന്നോര്‍ക്കണം. പ്രമേഹം നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത്  പുതിയൊരു  ജീവിതക്രമത്തിലേക്ക് ചുവടു മാറുകയാണ്. നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നപ്രകാരമായിരിക്കും ആ ജീവിതം. ആഹാരനിയന്ത്രണം, മരുന്ന്, വ്യായാമം എന്നീ മൂന്ന് കാര്യങ്ങള്‍ ചിട്ടയോടെ കൈകാര്യം ചെയ്യുന്നപക്ഷം പ്രമേഹം എന്ന രോഗത്തെ ഒരു സുഹൃത്തിനെപ്പോലെ ഒപ്പം കൂട്ടാം. അതിനായി പത്തു പ്രമാണങ്ങളെ കൂട്ടുപിടിക്കാം

1. പരിശോധനകള്‍ മുടക്കരുത്
കേവലം ഒരു നിമിഷത്തെ അശ്രദ്ധ മതി നിങ്ങളുടെ പ്രമേഹം അനിയന്ത്രിതമാവാന്‍. കഴിക്കുന്ന ആഹാരത്തിലോ മരുന്നിലോ അസ്വാഭാവികമായി എന്തെങ്കിലും വ്യതിയാനമുണ്ടായാല്‍, ബ്ളഡ്ഷുഗര്‍ കുത്തനെ ഉയരാം. അതുകൊണ്ട് രക്തപരിശോധന മുടങ്ങാന്‍ ഇടവരുത്തരുത്. മാത്രമല്ല താഴെ പറയുന്ന ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടായാലും ഉടനെ രക്തപരിശോധന നടത്തണം.
* നിങ്ങളുടെ മരുന്ന് മാറ്റണമെന്നുണ്ടെങ്കില്‍
* മറ്റെന്തെങ്കിലും രോഗത്തിനു മരുന്നു കഴിക്കേണ്ടി വരുമ്പോള്‍
* നിങ്ങളുടെ ഭക്ഷണക്രമത്തില്‍ വ്യത്യാസം വരുത്തുന്നുവെങ്കില്‍
* നിങ്ങളുടെ വ്യായാമമുറയോ ദൈനംദിനപ്രവര്‍ത്തനങ്ങളോ മാറ്റുകയാണെങ്കില്‍
* രോഗത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ നിങ്ങളെ അലട്ടുകയാണെങ്കില്‍, അതായത് മരുന്ന് ഫലിക്കുന്നില്ലെന്നു തോന്നുകയാണെങ്കില്‍.
2. മരുന്നുകള്‍ മുറ തെറ്റാതെ
പ്രമേഹം പരിപൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാനാവില്ല എന്നതുകൊണ്ട് ജീവിതകാലം മുഴുവന്‍ നിയന്ത്രിച്ചുകൊണ്ടുപോകേണ്ടതുണ്ട്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ സമയം തെറ്റാതെ കൃത്യമായി കഴിക്കുന്ന കാര്യത്തില്‍ പ്രമേഹരോഗി എപ്പോഴും ശ്രദ്ധിക്കണം. നിര്‍ദ്ദേശിക്കപ്പെട്ട അളവു  തെറ്റാതെ മരുന്നു കഴിക്കുന്നതിലും ശ്രദ്ധ വേണം. യാത്രയ്ക്കിടയിലായാലും ജോലിസ്ഥലത്തായാലും മരുന്നുകള്‍ എപ്പോഴും കൂടെ കരുതണം.

3. അപായം മണക്കുന്ന ആഹാരം വേണ്ട  
ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയാണ് ആരോഗ്യം അപകടത്തിലാക്കുന്ന മൂന്നു പാപങ്ങള്‍. ഇതു മൂന്നും വര്‍ജ്ജിച്ചുകൊണ്ടുള്ള ആഹാരക്രമമാണ് എല്ലാ പ്രമേഹരോഗികളോടും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറ്. കൂടാതെ ഭക്ഷണക്രമത്തില്‍ പ്രമേഹരോഗി മറ്റു ചിലതുകൂടി ശ്രദ്ധിക്കേണ്ടതാണ്.
* എല്ലാ ദിവസവും ഒരേ സമയത്ത് ആഹാരം കഴിക്കുക. ഇത് നിങ്ങളുടെ ഇന്‍സുലിന്‍, ഷുഗര്‍ എന്നിവയുടെ നില ഒരേ ലെവലില്‍ നിലനിര്‍ത്താന്‍ സഹായിക്കും.
* കഴിയുന്നതും ദിവസം മൂന്നു നേരം ആഹാരം കഴിക്കുക. മരുന്നോ ഇന്‍സുലിനോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കിടക്കാന്‍ പോകുംമുമ്പ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കണം. മൂന്നു നേരത്തെ ആഹാരം അഞ്ചോ ആറോ തവണയായും കഴിക്കാം.  
* നാരുകള്‍  കൂടുതലടങ്ങിയ വിഭവങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഓട്സ്, ബീന്‍സ്, വിവിധതരം പയറുകള്‍, പച്ചക്കറികള്‍, മുരിങ്ങയ്ക്ക, തവിടുള്ള ധാന്യങ്ങള്‍ എന്നിവ യില്‍ ധാരാളം നാരുകളടങ്ങിയിട്ടുണ്ട്.
* പ്രമേഹരോഗികള്‍ക്ക് വിശപ്പ് കൂടുതലായതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാന്‍ തോന്നും. വിശപ്പകറ്റാന്‍ കാലറി കുറഞ്ഞ ഭക്ഷണം കഴിക്കാം. ഉദാ-മത്തങ്ങ, വത്തയ്ക്ക.
* ചോറ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മുട്ടയുടെ മഞ്ഞ, പോര്‍ക്ക്, ബീഫ് തുടങ്ങിയവ നിയന്ത്രിക്കുക. മധുരപലഹാരങ്ങളുടെ കാര്യത്തിലും നിയന്ത്രണം വേണം. ഒരു ഭക്ഷണവും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നല്ല നിയന്ത്രിക്കണമെന്നാണ് തത്വം.
    പഞ്ചസാരയും പായസവും പഴവുമൊക്കെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ ചില വസ്തുതകളുണ്ടെന്ന് ഓര്‍ക്കണം. പഞ്ചസാരയും മധുരമുള്ള ഭക്ഷണസാധനങ്ങളും രക്തത്തിലെ ഷുഗര്‍നില പെട്ടെന്നു വര്‍ദ്ധിപ്പിക്കുമെന്നറിയാമല്ലോ. അതുകൊണ്ടാണ് മധുരം ഒഴിവാക്കാന്‍ പറയാനുള്ള കാരണം. നേരേമറിച്ച് ഒരു ഗുണവുമില്ലാത്ത പഞ്ചസാരയ്ക്കു പകരം ഒരു പഴം തിന്നാല്‍ മധുരവും നാരും വൈറ്റമിനും ഒരുമിച്ചു ലഭിക്കുന്നു.  എന്നാല്‍ ഇത്തരം അവബോധം വളരെ കുറച്ചുപേര്‍ക്കുമാത്രമേ ഉണ്ടാവൂ. അല്ലാത്തവരെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അശ്രദ്ധയും ഓര്‍മ്മപ്പിശകുംകൊണ്ട് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവും.

4. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാം
പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള വ്യായാമം ആരോഗ്യം തൃപ്തികരമാകുന്ന പക്ഷം മുടക്കാതെ നോക്കണം. എന്തെങ്കിലും രോഗമോ ദേഹാസ്വാസ്ഥ്യമോ തോന്നുന്നപക്ഷം വ്യായാമം ചെയ്യരുത്. ജലദോഷമുള്ളപ്പോള്‍പോലും വ്യായാമത്തിനു മുതിരരുത്.  
    
5.പാദരോഗങ്ങളെ കരുതിയിരിക്കണം
ബ്ളഡ്ഷുഗര്‍നില ഉയരുന്നതിന്റെ ഫലമായി രക്തധമനികളിലൂടെയുള്ള രക്തപ്രവാഹം മന്ദീഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം ആദ്യം കാലുകളെയാണ് ബാധിക്കുക. അതുകൊണ്ട് പാദസംരക്ഷണത്തില്‍ പ്രമേഹരോഗി അതീവശ്രദ്ധ കാണിക്കേണ്ടതുണ്ട്. ദിവസവും കിടക്കുംമുമ്പ്  വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച്  ഇളം ചൂടുവെള്ളത്തില്‍ പാദങ്ങള്‍ വൃത്തിയായി കഴുകുക, മുറിവുകളോ ചതവുകളോ ഉണ്ടാവാതെ സൂക്ഷിക്കുക, എപ്പോഴും മൃദുത്വമുള്ള ചെരുപ്പ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ എപ്പോഴും കരുതലുണ്ടാവണം.

6. കാഴ്ച മങ്ങിയാല്‍ ഉടന്‍ പരിശോധിക്കണം
     ഡയബറ്റിക് റെറ്റിനോപ്പതി എന്ന പ്രശ്നം ഏതു നിമിഷവും പ്രമേഹരോഗികളെ ബാധിക്കാനിടയുണ്ട്.  കണ്ണിന്റെ റെറ്റിനയുടെ പ്രവര്‍ത്തനം തകരാറിലാകുന്ന റെറ്റിനോപ്പതി രോഗിയെ അന്ധകാരത്തിലേക്കു തള്ളിവിടും.   അതുകൊണ്ട്  പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ നേത്രപരിശോധനയ്ക്കു വിധേയമാകണം. കണ്ണുകള്‍ക്ക് നീറ്റലോ പുകച്ചിലോ നിറം മാറ്റമോ വേദനയോ കാഴ്ച മങ്ങലോ അനുഭവപ്പെട്ടാല്‍ നിങ്ങളുടെ ഡോക്ടറെ വിവരമറിയിക്കണം.
 

Today In Healthwatch