Featured Articles

അമേരിക്കയുടെ രുചിക്കൂട്ടിന് മലയാളിയുടെ കൈപ്പുണ്യം

കുടുംബബന്ധങ്ങളെയും സൌഹൃദങ്ങളേയുമെല്ലാം അസാധാരണ വൈഭവത്തോടെ കോര്‍ത്തിണക്കുന്ന അത്ഭുത സിദ്ധിയാണ് രുചിയുള്ള ഭക്ഷണത്തിന്റെ പ്രത്യേകത. കേവലം ഭക്ഷണം പാചകം ചെയ്യുക എന്നതിലുപരി ആസ്വാദകന്റെ അഭിരുചി തിരിച്ചറിഞ്ഞ് സന്ദര്‍ഭോചിതമായി രുചിക്കൂട്ടുകളിലുണ്ടാക്കുന്ന ചെറിയ മാറ്റങ്ങളിലൂടെ ആസ്വാദ്യകരമാക്കി മാറ്റുന്നതിലാണ് ഒരു പാചകവിദഗ്ദ്ധന്‍ തന്റെ സവിശേഷമായ സിദ്ധി പ്രകടമാക്കുന്നത്.

നളപാചകത്തിന്റെ പാരമ്പര്യം പേറുന്ന ഭാരതത്തിന്റെ മണ്ണില്‍ പിറന്ന് ലോകത്തിന്റെ നെറുകയോളം വളര്‍ന്ന അനുഗ്രഹീത പാചകവിദഗ്ദ്ധയാണ് തസ്നീന്‍ എന്ന മലയാളി പെണ്‍കുട്ടി. വെസ്റേണ്‍ ഒന്‍ടാരിയോ യൂണിവാഴ്സിറ്റിയില്‍ രസതന്ത്രത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ തസ്നീന തനിക്ക് പരിചയമുള്ള പാരമ്പര്യ പാചകവിധികളും ഇതര ആരോഗ്യദായകങ്ങളായ ഭക്ഷണക്രമങ്ങളും സുഹൃത്തുക്കളുമായും മറ്റും പങ്കുവെക്കുക എന്ന ലക്ഷ്യത്തിലധിഷ്ടിതമായാണ് 'കുക്കിങ്ങ് വിത്ത് താസ്‌ ' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വെബ്സൈറ്റ് ചുരുങ്ങിയ നാളുകള്‍കൊണ്ടുതന്നെ വെബ് ലോകത്തിന്റെ ഏറ്റവും പ്രിയ്യപ്പെട്ട സൈറ്റുകളിലൊന്നായി മാറ്റപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച വെബ്സൈറ്റുകളിലൊന്നായി 2011 ല്‍ 'കുക്കിങ്ങ് വിത്ത് താസ്‌ ' തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ റോയല്‍ ഫുഡി ജോസ്റ്റ് അവാര്‍ഡ്, ജിഞ്ചര് പീപ്പിള്‍ അവാര്‍ഡ്, ഫുഡ്ബസ്സ് ടോപ് 9 അംഗീകാരം, തുടങ്ങിയ ഒട്ടനേകം അംഗീകാരങ്ങളും തസ്നീന്റെ കൈപ്പുണ്യത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്.

കേരളത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് ജനിച്ച് ഭര്‍ത്താവിനോടൊപ്പം ചിക്കാഗോയിലേക്ക് താമസം മാറിയ തസ്നീന്‍ ഇപ്പോള്‍ കാനഡയിലാണ് താമസം. രസതന്ത്രത്തില്‍ നടത്തുന്ന ഗവേഷണ പരീക്ഷണങ്ങളോടൊപ്പം അത്രതന്നെ പ്രാധാന്യത്തോടെ  തസ്നീന്‍ ചാചകരംഗത്തെ തന്റെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടര്‍ന്ന് കൊണ്ടുപോകുന്നു.

ഹെല്‍ത്ത് വാച്ച് മലയാളത്തിന്റെ വായനക്കാര്‍ക്കുവേണ്ടി ലോകത്തിന്റെ ഏറ്റവും പ്രിയ്യപ്പെട്ട പാചകവിദഗ്ദ്ധരില്‍ ഒരാളായ തസ്നീന്‍ മനസ്സ് തുറക്കുന്നു.

ഹെല്‍ത്തി കുക്കിങ്ങിനെ (ആരോഗ്യകരമായ പാചകത്തെ) കുറിച്ച് വിവരിക്കാമോ?

ആരോഗ്യകരമായ പാചകം എന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒന്നല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തം ശരീരത്തെയും ഇഷ്ടങ്ങളെയും തിരിച്ചറിയുക എന്നതാണ് പ്രധാനം. ഓരോ ഭക്ഷണപദാര്‍ത്ഥങ്ങളും സ്വന്തം ശരീരത്തില്‍ എങ്ങിനെ പ്രതിപ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് ആദ്യം സ്വയം ബോധ്യമുണ്ടാവണം. ഏതെങ്കിലും ഭക്ഷണം ശരീരത്തിന് പറ്റാത്തതായിട്ടുണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം എല്ലെങ്കില്‍ ആരോഗ്യത്തിനായി കഴിക്കുന്ന ഭക്ഷണം കൂടുതല്‍ അനാരോഗ്യം വിളിച്ചുവരുത്തുന്നവയായിത്തീരം.

ഞാന്‍ ഹെല്‍ത്തി കുക്കിങ്ങിനുവേണ്ടി സ്ഥിരമായ ഒരു ശൈലി പിന്തുടരുന്ന വ്യക്തിയല്ല. ആഴ്ചയിലൊന്നോ രണ്ടോ തവണ എന്റെ പ്രിയ്യപ്പെട്ട വിഭവങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കാറുണ്ടെന്ന് മാത്രം. സ്ഥിരമായി ഒരേ ശൈലിയിലുള്ള ഭക്ഷണം ആവര്‍ത്തിക്കുന്നതാണ് പൊതുവെ വീട്ടില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തോട് വിരക്തിതയും പുറമെനിന്നുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും സൃഷ്ടിക്കുന്നത്. പാചകത്തില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുക എന്നതാണ് ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം. പുതിയ ഭക്ഷണ പദാര്‍ത്ഥങ്ങളും വ്യത്യസ്ത ചേരുവകളും പരീക്ഷിക്കാം. ഇത് നിങ്ങളുടം രസമുകുളങ്ങളെ കൂടുതല്‍ ഉദ്ദീപിപ്പിക്കുകയും പാചകം ചെയ്യുവാന്‍ കൂടുതല്‍ പ്രേരണയുണ്ടാക്കുകയും ചെയ്യുന്നു. കഴിയുന്നതും ഡയറ്റിന്റെ പേരില്‍ ഒരു നിശിച്തമായ ഭക്ഷണശൈലി മാത്രം പിന്തുടരാതിരിക്കുന്നതായിരിക്കും നല്ലത്്.

പാചകം ഒരു  പാഷന്‍ ആയി സ്വീകരിക്കുവാനുള്ള കാരണം പ്രചോദനം എന്തായിരുന്നു? അമ്മയുടെ സ്വാധീനം ഉണ്ടായിരുന്നുവോ?

അമ്മയുടെ കൈകള്‍കൊണ്ടുണ്ടാക്കുന്ന അതീവ ആസ്വാദ്യകരമായ വിഭവങ്ങള്‍ നിത്യേനയെന്നോണം ആസ്വദിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. എന്നാല്‍ ആ കാലത്തൊന്നും ഈ ഭക്ഷണം പാചകം ചെയ്യുന്ന രീതി എങ്ങിനെയെന്നതിനെ കുറിച്ച് അറിയുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്റെ വിവാഹാനന്തരം യു. എസി ലേക്ക് ജീവിതം പറിച്ചുനട്ടതിന് ശേഷം പാചകത്തിന്റെയും ഭക്ഷണത്തിന്റെയും അതി വിപുലമായ ഒരു ലോകത്തിലേക്കുള്ള ജാലകമാണ് എനിക്ക് മുന്നില്‍ തുറക്കപ്പെട്ടത്. അന്ന് മുതല്‍ ഇന്നുവരെ ഞാന്‍ തുടര്‍ച്ചയായി ശ്രമിച്ചുവരുന്നത് അമ്മയുടെ കൈപ്പുണ്യവും രുചിയും പുനര്‍ നിര്‍മ്മിക്കുവാന്‍ വേണ്ടിയാണ്. അമ്മയുടെ സ്വാധീനമാണ് എന്നിലെ പാചകവിദഗ്ദ്ധനെ പ്രചോദിപ്പിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. തുടക്കത്തില്‍ ഗൌരവത്തോടെയല്ല പാചകത്തെ സമീപിച്ചതെങ്കിലും അധികം വൈകാതെ തന്നെ പാചകലോകം എനിക്ക് ആവേശവും ഭ്രമവും ഉണ്ടാക്കി. സാവധാനം എന്റെ ജീവിതത്തിന്റെ നിറവും രുചിയുമെല്ലാം പാചകം തന്നെയായിമാറി. കുക്കിങ്ങിന്റെ കലാപരമായ വശവും ആസ്വാദ്യതയും കൈവന്നതോടെ ഇത് എനിക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ആവേശമായി മാറുകയാണുണ്ടായത്.

ഓണ്‍ ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ളോഗുകളും കുക്കിങ്ങിനെ യുവതലമുറക്കിടയില്‍ കൂടുതല്‍ ജനകീയമാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടോ?

സംശയം വേണ്ട കുക്കിങ്ങായാലും മറ്റേത് മേഖലയായിരുന്നാലും അവനവന്റെ കഴിവിനെ ലോകത്തിന് മുന്‍പിലേക്ക് അവതരിപ്പിക്കുവാനുള്ള ഏറ്റവും നല്ല ഉപാധിയായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ളോഗുകളും മാറിയിട്ടുണ്ട്. കുക്കിങ്ങിന്റെ കലാപരമായ കഴിവും ആസ്വാദ്യതയും കൂടുതല്‍ ജനകീയമാക്കുന്നതിനും അതുവഴി യുവതലമുറയുടെ ഭയം മാറ്റിയെടുക്കുന്നതിനും നിര്‍ണ്ണായകമായ പങ്കാണ് ഈ മാധ്യമങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്നത്. വരും നാളുകളിലും ഈ കല കൂടുതല്‍ ജനകീയമാകും എന്നതില്‍ സംശയമില്ല.

കേരള ശൈലിക്ക് പുറമെ മറ്റേതെല്ലാം രീതികളാണ് താങ്കള്‍ പിന്തുടരുന്നത്?

എനിക്ക് ഫ്യൂഷന്‍ കുക്കിങ്ങ് ഇഷ്ടമാണ്. ഇന്‍ഡോ-ചൈനീസ് വിഭവങ്ങളാണ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇന്‍ഡ്യന്‍ ഏഷ്യന്‍ ഫ്ളേവറുകളാണ് ഈ പരീക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്താറുള്ളത്.

ഇറ്റാലിയന്‍, മെഡിറ്ററേനിയന്‍, ഇന്ത്യന്‍ തുടങ്ങിയ വൈവിധ്യങ്ങളായ ശ്രേണിയില്‍ ഏറ്റവും വെല്ലുവിളിതോന്നിയത് ഏതാണ്?

ഒട്ടേറെ വ്യത്യസ്തങ്ങളായ പാചകവിധികള്‍ ഞാന്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇതില്‍ എനിക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയത് തീര്‍ച്ചയായും ഇന്ത്യന്‍ ശൈലിയാണ് പ്രത്യേകിച്ച് പരമ്പരാഗത ഇന്ത്യന്‍ ശൈലി. ഇവ ശരീയായ രീതിയില്‍ പാചകം ചെയ്യണമെങ്കില്‍ മികച്ച വൈദഗ്ദ്ധ്യത്തോടൊപ്പം തന്നെ അസാധാരണമായ ക്ഷമയും ഉണ്ടായിരിക്കണം.

മലയാളികള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായക ഭക്ഷണക്രമം എന്താണ്?

കൃത്യമായ ഒരു ഭക്ഷണശൈലി മാത്രം പിന്തുടരുന്നത് നല്ലതല്ല എന്നതാണ് എന്റെ അഭിപ്രായം. ഈ ഒരു ചിന്താഗതിയില്‍ നിന്ന് ബാലന്‍സ്ഡ് ഡയറ്റ് എന്ന രീതിയിലേക്ക് നമ്മുടെ കാഴ്ചപ്പാട് മാറണം. കടല്‍ മത്സ്യങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറ്റവും മികച്ചുനില്‍ക്കുന്നതാണെന്ന് സംശയലേശമന്യേ പറയുവാന്‍ സാധിക്കും. അരിയുടേയും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടേയും അമിതോപയോഗം മാത്രമാണ് കാര്യമായ പ്രശ്നം എന്നാണെനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് മലയാളികള്‍ ദിവസം മുഴുവന്‍ അരിയുല്‍പ്പന്നങ്ങള്‍ കഴിക്കുന്നവരാണ്. അരിയുല്‍പ്പന്നങ്ങളുടെ അളവ് കുറച്ച് ധാന്യങ്ങളും, ഗോതമ്പും, പയര്‍ വര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ മലയാളികള്‍ക്ക് ബാലന്‍സ്ഡ് ഡയറ്റ് സംരക്ഷിക്കുവാന്‍ സാധിക്കും.

ഒലീവ് ഓയിലിനെ അപേക്ഷിച്ച് വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതല്ല എന്നതൊരു വാദമുണ്ട് എന്താണ് താങ്കളുടെ അഭിപ്രായം? ഭക്ഷണത്തിന്റെ രുചിയെ ഇവ എങ്ങനെയാണ് ബാധിക്കുന്നത്?

അത് എപ്പോഴും വിവാദവിഷയം തന്നെയാണ്. വെളിച്ചെണ്ണ ഒലീവ് ഓയിലിനേക്കാള്‍ മികച്ചതാണ് എന്ന് സമര്‍ത്ഥിക്കുന്ന ഒരു ലേഖനം അടുത്തിടെ ഞാന്‍ വായിക്കുകയുണ്ടായി. എന്നാല്‍ ചില പഠനങ്ങള്‍ ഇത് നിരാകരിക്കുന്നുമുണ്ട്. കാര്യമെന്തായിരുന്നാലും എന്റെ പാചകത്തില്‍ ഇവ രണ്ടും സാഹചര്യമനുസരിച്ച് ഉപയോഗപ്പെടുത്താറുണ്ട്. കേരളീയ ഭക്ഷണശൈലിയില്‍ വെളിച്ചെണ്ണ ഒഴിച്ചുകൂടുവാന്‍ സാധിക്കാത്ത ഘടകം തന്നെയാണ് അതുകൊണ്ടുതന്നെ ഇവയ്ക്ക് പ്രത്യേകമായ ഒരു രുചിയുണ്ട് എന്ന് സമ്മതിക്കേണ്ടതായും വരും.  അതുകൊണ്ട് തന്നെ കേരളീയ ഭക്ഷണങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ഞാന്‍ വെളിച്ചെണ്ണ ഒഴിവാക്കാറില്ല. നോണ്‍ ഇന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്ന അവസരങ്ങളില്‍ മറ്റ് ഓയിലുകള്‍ ഉപയോഗപ്പെടുത്താറുമുണ്ട്.

ഉയര്‍ന്ന രീതിയില്‍ എണ്ണ ഉപയോഗം ആവശ്യമായി വരുന്ന ഭക്ഷണം ഫ്രൈ ചെയ്യുക എന്ന രീതിക്ക് ഫലപ്രദമായി പകരം വെക്കാവുന്ന രീതികള്‍ ഏതൊക്കെയാണ്?

ബൈക്കിങ്ങും ഗ്രില്ലിങ്ങും. ഫ്രൈചെയ്യുന്നത് ഭക്ഷണപദാര്‍ത്ഥങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കും എന്നത് നിഷേധിക്കാനാവില്ല. എന്നിരുന്നാലും ബേക്ക്ചെയ്യുന്നതും, ഗ്രില്‍ ചെയ്യുന്നതും ശരീരത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ ഇവ സ്വമേധയാ ഇഷ്ടപ്പെട്ടുകൊള്ളും.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും എളുപ്പത്തില്‍ പാചകം ചെയ്യാനാകുന്നതുമായ ഒരു റെസീപ്പി പറഞ്ഞുതരാമോ?

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രഭാതഭക്ഷണത്തിനും വൈകീട്ടുള്ള ചായക്കൊപ്പവും കഴിക്കുവാന്‍ അനുയോജ്യമായ ലഘുഭക്ഷണമാണ് ചീസ് ആന്റ് എഗ്ഗ് ക്രിപ്സ്.15 മിനിട്ട് കൊണ്ട് ഇത് പാചകം ചെയ്തെടുക്കാം.  പാചകവിധിക്കായി www.thasneen.com/cooking/cheese-egg-crepes-quick-and-easy-breakfat-gluten-free സന്ദര്‍ശിക്കുക.

കുക്കുങ്ങ് ശരിക്കും ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ തിരഞ്ഞെടുത്ത് കഴിഞ്ഞോ?

തീര്‍ച്ചയായും, സമീപഭാവിയില്‍ തന്നെ ഒരു പാചകപുസ്തകവും, റസ്റ്റാറന്റും ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

പാചകം സ്ത്രീകളുടെ മാത്രം മേഖലയാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരോട് എന്താണ് പറയുവാനുള്ളത്?

അങ്ങിനെ പറയുന്നവര്‍ ഒരിക്കലും സ്വയം പാചകം ചെയ്തുനോക്കിയിട്ടുണ്ടാവില്ല. ഒരിക്കലെങ്കിലും പാചകകലയുടെ ലോകത്തേക്കിറങ്ങിച്ചെന്നാല്‍ അവര്‍ക്ക് ആ അഭിപ്രായം നിശ്ചയമായും മാറ്റേണ്ടിവരും. ഒപ്പം ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം പുരുഷന്മാരെ അടുക്കളയില്‍ കയറുവാന്‍ സ്ത്രീകള്‍ അനുവദിക്കുകയും വേണം എന്നതാണ്. അടുക്കള അവരുടെ മാത്രം സാമ്രാജ്യമാണെന്ന് കരുതി പുരുഷന്മാരെ അകറ്റി നിര്‍ത്തുകയുമരുത്.

താങ്കളുടെ ഭര്‍ത്താവ് പാചകത്തില്‍ സഹായിക്കാറുണ്ടോ? അതോ കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കാറാണോ?

തീര്‍ച്ചയായും അദ്ദേഹം എന്റെ കുക്കിങ്ങ് താത്പര്യങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് എന്നാല്‍ അതിലുപരിയായി അദ്ദേഹം സത്യന്ധനായ ഒരു വിമര്‍ശകന്‍ കൂടിയാണ്. അദ്ദേഹവും പാചക പരീക്ഷണങ്ങള്‍ നടത്താറുണ്ട്. പലപ്പോഴും അവ എനിക്ക് കൂടുതല്‍ പുതിയ വിഭവങ്ങള്‍ കണ്ടെത്തുന്നതിന് പ്രചോദനവും ആയിത്തീരാറുണ്ട്.

രുചിയുടെ കാര്യത്തില്‍ വിട്ടുവീഴച്ക്ക് തയ്യാറാകാത്ത തരത്തില്‍ ഹെല്‍ത്തി കുക്കിങ്ങിനാവശ്യമായ ട്രിക്കുകളും ടിപ്സും healthwatchmalayalam വായനക്കാര്‍ക്കുവേണ്ടി പങ്കുവെക്കാമോ?

തീര്‍ച്ചയയും ഞാന്‍ അനുവര്‍ത്തിക്കുന്ന ചില കാര്യങ്ങള്‍ വായനക്കാര്‍ക്കുവേണ്ടി പങ്കുവെക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.

  •  കൊഴുപ്പ് വിമുക്തമായ ചേരുവകള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. ഇതുകൊണ്ട് രചിയില്‍ എന്തെങ്കിലും വ്യത്യാസം വരും എന്ന് എനിക്ക് തോന്നിയിട്ടില്ല.
  • പുതിയ വിഭവങ്ങളും ചേരുവകളും ഇടക്കിടെ പരീക്ഷിക്കുക. ഇത് കുക്കിങ്ങ് കൂടുതല്‍ ആസ്വാദ്യകരവും വ്യത്യസ്തവുമാകുവാനുപകരിക്കും.
  • റെഡ് മീറ്റുകള്‍ പരമാവധി കുറയ്ക്കുവാന്‍ ശ്രമിക്കുക
  • എപ്പോഴും ഫ്രഷ് ആയ പച്ചക്കറികളും ചേരുവകളും ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.
  • എണ്ണയുടെ അമിതമായ ഉപയോഗം കുറയ്ക്കുവാന്‍ ബേക്കിങ്ങും, ഗ്രില്‍ഡും ശീലമാക്കുക
  • ശരീരത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുക. ശരീരത്തിന് യോജിക്കാത്ത ഭക്ഷണപദാര്‍ത്ഥങ്ങളെ തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കുക. ഇതുവഴി അലര്‍ജിയും മറ്റും ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കുവാന്‍ സാധിക്കും.
  • ആസ്വാദ്യകരമായ ഭക്ഷണങ്ങള്‍ എല്ലായ്പ്പോഴും കഴിക്കുക എന്നതല്ല ഹെല്‍ത്തി ഫുഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ശരീരത്തിന് ആവശ്യമുള്ളവ ആവശ്യമായ അളവില്‍ ആവശ്യമായ സമയത്ത് കഴിക്കുക എന്നതാണ്.
  • ഫാസ്റ്റ്ഫുഡും ഫ്രോസണ്‍ ഫുഡും സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക.
  • വ്യായാമത്തിന് പകരമായി മറ്റൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക. ആരോഗ്യം കാത്തുസൂക്ഷിക്കുവാന്‍ കൃത്യമായി വ്യായാമം ചെയ്യുക.

 

രുചികരമായ നിരവധി വിഭങ്ങളുടെ റെസിപി അറിയുന്നതിന് തസ്നീന്റെ വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക  

www.thasneen.com/cooking/

Today In Healthwatch